Connect with us

Crime

നവകേരളസദസ്സ് നടക്കുന്ന  വേദിയിലേക്ക് ഇന്ന് യൂത്ത് കോൺഗ്ര്  മാർച്ച്.മര്‍ദനം, വെറും സാമ്പിളെന്ന് ഡി.വൈ.എഫ്.ഐ . മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.

Published

on


കണ്ണൂർ: നവകേരളസദസ്സ് നടക്കുന്ന കണ്ണൂരിലെ കളക്ടറേറ്റ് മൈതാനിയിലെ വേദിയിലേക്ക് യൂത്ത് കോൺഗ്ര് ഇന്ന് മാർച്ച് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് – കെ.എസ്.യു. പ്രവർത്തകർക്കെതിരേ ഡി.വൈ.എഫ്.ഐ. – സി.പി.എം. പ്രവർത്തകർ കഴിഞ്ഞ ദിവസം മർദിച്ചിരുന്നു. ഇതിനെതിരേയാണ് ഇന്ന് കാലത്ത് 11, മണിക്ക് പ്രതിഷേധം നടക്കുക. അതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.

പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഐ.സി.യുവിൽ തുടരുകയാണ്. അതിനിടെ
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത് വെറും സാമ്പിളാണെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ഇന്ന് രാവിലെ കേരള സദസ്സ് നടക്കുന്ന പ്രദേശത്തേക്ക് പ്രതിഷേധവുമായി എത്തുമെന്ന് അറിയിച്ചത്. പിന്നീട് സരിൻ ശശി പോസ്റ്റ് പിൻവലിച്ചു. തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് പിൻവലിക്കുന്നതായി സരിൻ ശശി അറിയിച്ചത്.

ഇന്ന് നാല് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. കണ്ണൂർ, അഴീക്കോട്, ധർമ്മടം, തലശ്ശേരി എന്നിവിടങ്ങളിലാണ് ഇന്നത്തെ പരിപാടികൾ. പ്രതിഷേധം മുന്നിൽ കണ്ട് പരിപാടി നടക്കുന്നിടത്തൊക്കെ സുരക്ഷ വർധിപ്പിച്ചു.

തലയ്ക്ക് പൂച്ചട്ടി കൊണ്ടടിയേറ്റ് സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ (30) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. തലച്ചോറിൽ ക്ഷതം സംഭവിച്ചതിനാൽ രക്തസ്രാവം തുടരുകയാണ്.

കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ (30), കെ.എസ്.യു. മാടായി കോളേജ് യൂണിയൻ ചെയർമാൻ സായി ശരൺ വെങ്ങര (20), കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി സഞ്ജു സന്തോഷ് (19), യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിതാ മോഹനൻ (35) എന്നിവരും ഇവിടെ ചികിത്സയിലാണ്. മഹിതയുടെ ഇടത്തേ കൈയുടെ എല്ല് പൊട്ടി. മറ്റുള്ളവരുടെ ൈകക്കും തലയ്ക്കുമാണ് പരിക്ക്. മർദനമേറ്റ കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാഹുൽ പൂങ്കാവ് (31), മിഥുൻ കുളപ്പുറം (33) എന്നിവരെ തളിപ്പറമ്പ് ലൂർദ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ എരിപുരം-തളിപ്പറമ്പ് റോഡിൽ വൈദ്യുതി ബോർഡ് ഓഫീസിന് സമീപമാണ് സംഭവം. മാടായിപ്പാറ പാളയം മൈതാനത്ത് കല്യാശ്ശേരി മണ്ഡലം പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത പരിപാടിക്കായി ബസിൽ തളിപ്പറമ്പിലേക്ക് പോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു. ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ., സി.പി.എം. പ്രവർത്തകർ ഓടിയെത്തി ഇവരെ മർദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കൈയിൽ കിട്ടിയ പൂച്ചട്ടിയും ഹെൽമെറ്റും ഉപയോഗിച്ചാണ് മാരകമായി മർദിച്ചത്. സുധീഷ് വെള്ളച്ചാലിനെ പിടിച്ചുകൊണ്ടുപോയി മാറ്റിനിർത്തി വളഞ്ഞിട്ട് അടിക്കുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ചെത്തിയ മഹിതാ മോഹനെയും മർദിച്ചു. പിന്നാലെ എത്തിയ പോലീസ് ഒരുവിധത്തിൽ ഇവരെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസിനുനേരേയും കൈയേറ്റമുണ്ടായി.



Continue Reading