KERALA
മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നത് പൗര പ്രമുഖരെയല്ല പ്രത്യേക ക്ഷണിതാക്കളെയാണ്

തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നത് പൗര പ്രമുഖരെയല്ലെന്നും പ്രത്യേക ക്ഷണിതാക്കളെയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഇടത് നേതാക്കൾ അടക്കം ‘പൗര പ്രമുഖർ’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെയും എ കെ ബാലൻ വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു എ കെ ബാലന്റെ പ്രതികരണം.
അപേക്ഷ നൽകി ആർക്കും ക്ഷണിതാവാകാം. പ്രത്യേക ക്ഷണിതാവാകാൻ കളക്‌ടർക്കോ എംഎൽഎക്കോ തങ്ങളെക്കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയാൽ മതിയെന്നും ബാലൻ വ്യക്തമാക്കി
.മറിയക്കുട്ടിക്കെതിരെ ദേശാഭിമാനി നൽകിയ വാർത്തയിലും എ കെ ബാലൻ പ്രതികരിച്ചു. ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും എ കെ ബാലൻ വ്യക്തമാക്കി. കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസുകാരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെയും എ കെ ബാലൻ പിന്തുണച്ചു. മുഖ്യമന്ത്രി ന്യായികരിച്ചത് ശരിയായ നടപടിയാണെന്നും റോഡിലേയ്ക്ക് ചാവേറുകളായി ഇറങ്ങുന്നവർക്കുള്ള ശക്തമായ താക്കീതാണെന്നും ബാലൻ പറഞ്ഞു.കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ വലിയ സംഘർഷമുണ്ടായിരുന്നു.