Crime
അബിഗേല്‍ സാറ കൊല്ലത്ത് തന്നെ ഉണ്ടെന്ന് സൂചനയെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നു
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരി കൊല്ലത്ത് തന്നെ ഉണ്ടെന്നാണ് സൂചനയെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
‘പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. പോലീസ് സജീവമായി ഇടപെടുന്നു. നാട്ടുകാരുടെയും സഹായമുണ്ട്. ആശങ്കയ്ക്ക് പരിഹാരം ഉണ്ടാവും’ മന്ത്രി വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു.
പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഗഘ 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാന്‍ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളില്‍ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിര്‍ദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക : 112 , 9946923282, 9495578999″
