Education
കോവി ഡ് കാലത്തെ സ്കൂൾ ഫീസിനെതിരെ ഹൈക്കോടതി. ഓൺലൈൻ ക്ലാസിന് ചിലവാകുന്ന തുക മാത്രമേ ഈടാക്കാവൂ

കൊച്ചി : ഈ അധ്യയന വർഷത്തിൽ സ്‌കൂളുകൾ അനാവശ്യമായി ഫീസ് ഈടാക്കുന്നത് നിർത്തണമെന്ന് ഹൈക്കോടതി. ഓൺലൈനായി ക്ലാസ്സുകൾ നടക്കുന്നതിനാൽ സ്‌കൂളുകൾ ചിലവാക്കുന്ന തുക മാത്രമേ ഫീസ് ആയി ഈടാക്കാൻ പാടുള്ളു എന്ന് കോടതി പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് നടപടി.
അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ അനാവശ്യമായി ഫീസ് ഇടാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു രക്ഷിതാക്കളുടെ ഹർജി. ഇതിനനുകൂലമായി എല്ലാ സ്‌കൂളുകളും കൃത്യമായ ചിലവുകളുടെ വിവരം 17 നകം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതനുസരിച്ചായിരിക്കും ഫീസ് സംബന്ധിച്ച അന്തിമ തീരുമാനം.
കൊറോണ എല്ലാ തട്ടിലുള്ള ആളുകളെയും മാനസികമായും സാമ്പത്തികമായും ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ സ്‌കൂളുകൾ ലാഭമുണ്ടാക്കാൻ ഫീസ് കൊള്ള നടത്തുന്നത് കുറ്റകരമാണ്. ഇത് ഒഴിവാക്കാനാണ് തീരുമാനമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന് മുൻപും വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന ഫീസ് സംബന്ധിച്ച് കോടതി വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ഫീസ് കുറച്ചതായാണ് സ്‌കൂളുകൾ അറിയിച്ചിരുന്നത്. എന്നാൽ ചില സ്‌കൂളുകൾ ട്യൂഷൻ ഫീസും ലാബ് ഫീസും വരെ ഈടാക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് ഹൈക്കോടതി ഉത്തവിറക്കിയത്.