Connect with us

Education

സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാൻ പുതിയ നിർദേശം. ഹോം വർക്കും പാടില്ല

Published

on

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ നയം തയ്യാറാക്കി. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്കൂൾ ബാഗ് നയം ശുപാർശ ചെയ്യുന്നു. രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികൾക്ക് ഹോംവർക്ക് നൽകരുതെന്നും നയത്തിൽ നിർദേശിച്ചിട്ടുണ്ട്.

രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം ആണ്. അതിനാൽ അവരുടെ സ്കൂൾ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമിൽ കൂടാൻ പാടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പുതിയ സ്കൂൾ ബാഗ് നയത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്. പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാരം 35 മുതൽ 50 കിലോ വരെ ആയതിനാൽ സ്കൂൾ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമിൽ അധികമാകരുതെന്നും നയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള ചില നിർദേശങ്ങളും നയത്തിൽ വിശദീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോൾ അതിന്റെ ഭാരം കൂടി അധ്യാപകർ കണക്കിലെടുക്കണം. എല്ലാ പുസ്തകങ്ങളിലും പ്രസാധകർ ഭാരം രേഖപ്പെടുത്തണം എന്ന് നിർദേശിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്കൂളുകളിൽ തന്നെ ഉറപ്പാക്കണം. അങ്ങനെയായാൽ ചോറ്റുപാത്രവും വെള്ളക്കുപ്പിയും ബാഗിന്റെ ഭാഗമായി സ്കൂളിൽ കൊണ്ടുവരുന്നത് ഒഴിവാക്കാം. ഇത് സ്കൂൾ ബാഗുകളുടെ ഭാരവും വലുപ്പവും കുറയ്ക്കാൻ സഹായകരമാകുമെന്നും നയം ചൂണ്ടിക്കാട്ടുന്നു.

അധികസമയം ഇരുന്ന് പഠിക്കാൻ കഴിയാത്തതിനാൽ രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികൾക്ക് ഹോം വർക്ക് നൽകരുത് എന്നാണ് നയത്തിലെ മറ്റൊരു ശുപാർശ. ഹോം വർക്ക് നൽകുന്നതിന് പകരം വിദ്യാർത്ഥികൾ വൈകുന്നേരങ്ങളിൽ എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ കാര്യങ്ങൾ അധ്യാപകർ ക്ലാസിൽ പറയിപ്പിക്കണം.

മൂന്ന് മുതൽ അഞ്ച് വരെയുള്ള ക്ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ പരമാവധി രണ്ട് മണിക്കൂർവരെയേ ഹോം വർക്ക് നൽകാവൂ. തലേ ദിവസം വൈകുന്നേരങ്ങൾ എങ്ങനെയാണ് ചെലവഴിച്ചത്, എന്ത് ഭക്ഷണം ആണ് കഴിച്ചത്, അതിൽ എന്തൊക്കെ ഉണ്ടായിരുന്നു, വിദ്യാർത്ഥികളുടെ ഇഷടാനിഷ്ടങ്ങൾ, വീട്ടിൽ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ ക്ളാസിൽ പറയിപ്പിക്കുക.

ആറ് മുതൽ എട്ട് വരെയുള്ള ക്ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂർ വരെ ഹോം വർക്ക് നൽകാം. ഈ പ്രായം മുതലാണ് വിദ്യാർത്ഥികൾ കൂടുതൽ ഏകാഗ്രതയോടെ കൂടുതൽ സമയം ഇരിക്കാൻ തുടങ്ങുന്നത്. അതിനാൽ തന്നെ കഥകൾ, ലേഖനങ്ങൾ, പ്രാദേശികമായ വിഷയങ്ങൾ, ഊർജ്ജ സംരക്ഷണം എന്നിവ സംബന്ധിച്ച് എഴുതാൻ വിദ്യാർത്ഥികളോട് നിർദേശിക്കണം. ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ളാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വർക്ക് നൽകരുതെന്നും നയത്തിൽ നിർദേശിച്ചിട്ടുണ്ട്.

Continue Reading