Connect with us

KERALA

നമ്മുടെ പൊലീസ് ക്രമസമാധാനപാലത്തിലും അന്വേഷണ മികവിലും നല്ല യശസ് നേടിയുള്ളവരാണ്. ഓയൂർ കേസില്‍ നല്ല രീതിയിലുള്ള അന്വേഷണമാണ് നടന്നത്.

Published

on

പാലക്കാട്:  ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പടിയിലായത് മുഖ്യപ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നല്ല രീതിയിലുള്ള അന്വേഷണമാണ് നടന്നത്. പൊലിസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് കൃത്യമായി എത്തുന്നതിന് ഇടായാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായകമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. മുഖ്യപ്രതികള്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. അതിന്റെ വിശദകാര്യങ്ങള്‍ പൊലീസ് തന്നെ പറയും. നല്ല രീതിയിലുള്ള അന്വേഷണമാണ് അതുമായി ബന്ധപ്പെട്ട് നടന്നത്.

പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ് ഇവരിലേക്ക് കൃത്യമായി എത്തുന്നതിന് ഇടയാക്കിയത്. സാധാരണ നിലയില്‍ പെട്ടന്ന് തങ്ങളിലേക്ക് എത്തില്ലെന്ന വിശ്വാസമാണ് പ്രതികള്‍ ഉണ്ടായിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്.

കൃത്യമായ നിരീക്ഷണത്തിലൂടെ തന്നെ പൊലീസിന് അവരിലേക്ക് എത്താന്‍ കഴിഞ്ഞു. നല്ല ആത്മാര്‍ഥതയോടെ, അര്‍പ്പണമനോഭാവത്തോടെ പൊലീസിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഇതിലുള്ള പ്രത്യേകത. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിലെ പ്രതികളെ പിടികൂടാനും കഴിഞ്ഞു’.

‘ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സംഭവങ്ങളുണ്ടായ ഉടനെയോ. അടുത്ത നിമിഷത്തിലോ, മണിക്കൂറിലോ ചിലപ്പോള്‍ കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞെന്ന് വരില്ല. കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്ക് എത്താന്‍ കഴിയുക.

അതിനാവശ്യമായ തെളിവുകളും വേണം. വെറുതെ ഒരാളെ കസ്റ്റഡിയിലെടുത്തുവെന്ന് ഒരു പരാതിക്ക് പിന്നീട് ഇടയാകാനും പാടില്ല. ചിലരിലുണ്ടായ ഒരു പ്രവണത അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്താന്‍ തയ്യാറാവുന്നതാണ്.

കഴിഞ്ഞ ദിവസം കുട്ടിയെ കണ്ടെത്താന്‍ വേണ്ടി പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ ഞാന്‍ പത്രസമ്മേളനത്തില്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് അതിനെ മലയാളിയുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്ന ഒന്നായിട്ടാണ് കണ്ടത്’.

‘നമ്മുടെ നാട്ടില്‍ അധികമുണ്ടായിട്ടില്ലാത്ത പണം ലഭിക്കുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുക എന്നിട്ട് മോചനദ്രവ്യം ആവശ്യപ്പെടുക അങ്ങനെ ചില സംഭവങ്ങള്‍ മറ്റ് പലയിടങ്ങളില്‍ നടക്കുന്നുണ്ട്. അത് നമ്മുടെ കേരളത്തിലുണ്ടാവുകയാണ്.

അങ്ങനെ ഒരുഘട്ടത്തില്‍ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാടാകെ. കുട്ടിയെ കണ്ടെത്താനാവാത്തതിന്റെ പേരില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ അതിന്റെ അര്‍ഥം എന്താണ്?. ഇവിടെ അതിനൊന്നും സമയമായിട്ടില്ല. അതൊക്കെ ഒരു കൃത്യമായ രാഷ്ട്രീയമുതലെടുപ്പ് മാത്രമായേ ഇപ്പോള്‍ കാണാന്‍ പറ്റുകയുള്ളു’. 

‘നമ്മുടെ പൊലീസ് ക്രമസമാധാനപാലത്തിലും അന്വേഷണ മികവിലും നല്ല യശസ് നേടിയുള്ളവരാണ്. രാജ്യത്ത് തന്നെ മുന്‍നിരയില്‍ നില്‍ക്കുന്നവരുമാണ് . ആലുവ കേസില്‍ പ്രതിക്ക് 110 ദിവസത്തിനുള്ള പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത് കേരളം ഇത്തരംകാര്യങ്ങളില്‍ കാണിക്കുന്ന മികവിന്റെ ഉദാഹരണമാണ്. രണ്ടുകാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

അതിലൊന്ന് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണമാണ്. ഭരണകക്ഷിയുടെ പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രചാരണം. ഈ പൊലീസ് എന്തൊരു പൊലീസ് എന്ന് അവര്‍ ആദ്യഘട്ടങ്ങളില്‍ പ്രചരിപ്പിച്ചു. ഒടുവില്‍ അന്വേഷണം ശരിയായരീതിയിലെത്തിയപ്പോള്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെയാണ്. പിന്നീട് പ്രചാരണം നടത്തിയവര്‍ നിശബ്ദരായി. പിന്നാലെ വിചിത്രമായ ന്യായീകരണവുമായി ഒരു നേതാവ് രംഗത്തെത്തി.

മയക്കുമരുന്ന് ചോക്ലേറ്റ് നല്‍കി പ്രതിയെ കൊണ്ട് പൊലീസ് സമ്മതിപ്പിച്ചതാണെന്നാണ് പറഞ്ഞതെന്നും നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആശ്രമം കത്തിച്ചത് സ്വാമി തന്നെയാണ് എന്നാണ് സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് ബിജെപി കൗണ്‍സിലര്‍ അടക്കമുള്ള പ്രതികളെയായിരുന്നെന്നും പിണറായി പറഞ്ഞു.”

Continue Reading