KERALA
ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ മരവിപ്പിച്ചു


തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ മരവിപ്പിച്ചു. ഇതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കാര്യങ്ങൾ വിശദമായി വിലയിരുത്തിയതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ഓഗസ്റ്റിൽ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ വരില്ല. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തയാറാക്കാൻ നവംബർ 30ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. അതിനാൽ ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി ഈ തീയതിക്കു മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിന് നിയമപ്രകാരം സംരക്ഷണം നൽകും.
കേന്ദ്ര മാർഗരേഖ വന്നാലും സെറ്റിൽമെന്‍റ് ഓഫിസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കലക്റ്റർക്ക് അയച്ചു എന്ന് പറയുന്ന കത്തിൽ അതിനാൽ തുടർനടപടികൾ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. വിജ്ഞാപനത്തിനെതിരേ വനം വകുപ്പിനെ വിമർശിച്ച് എം.എം. മണി എംഎൽഎ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു.