Crime
കോഴിക്കോട് ലോ കോളെജിൽ കെഎസ്‌യു പ്രവർത്തകനെ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്

കോഴിക്കോട്: കോഴിക്കോട് ഗവ.ലോ കോളെജിൽ കെഎസ്‌യു പ്രവർത്തകനെ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരേ കേസ്. 6 പ്രവർത്തകർക്കെതിരെയാണ് കേസ്. ഇവർക്കെതിരേ വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ശ്യാം, റിത്തിക്ക്, അബിന്‍, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിയിക്കുന്നത്.
ബുധനാഴ്ച ക്ലാസിനിടെ സഞ്ജയ് എന്ന വിദ്യാർഥിയെ വിളിച്ചിറക്കി എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽമീഡിയലടക്കം പ്രചരിച്ചിരുന്നു.
മർദനമേറ്റ വിദ്യാർഥിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടും കേസെടുക്കാത്തത് എസ്‌എഫ്‌ഐ പ്രവർത്തകരെ സഹായിക്കാനാണെന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കോളെജിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി കോളെജിൽ നടന്നു വരുന്ന കെഎസ്‌യു-എസ്എഫ്ഐ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് സൂചന.