Connect with us

Crime

മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭയില്‍ വച്ചു.

Published

on

ന്യൂഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭയില്‍ വച്ചു. രാവിലത്തെ പ്രതിപക്ഷ ബഹളത്തിനു ശേഷം സഭ ചേര്‍ന്നപ്പോഴാണ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിന്റെ കോപ്പി വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വോട്ടിനിടും മുമ്പ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷ ആവശ്യം ബഹളത്തിലേക്കു നീങ്ങിയപ്പോള്‍ അധ്യക്ഷനായിരുന്ന ബിജെപി അംഗം രാജേന്ദ്ര അഗര്‍വാള്‍ സഭ നിര്‍ത്തിവച്ചു.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനനന്ദാനി മഹുവയ്ക്കു പണം നല്‍കിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തില്‍ സമിതിയെ അറിയിച്ചിരുന്നു. മഹുവയുടെ പാര്‍ലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമിതിയിലെ നാലു പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടിനോടു വിയോജിച്ചു.

യാതൊരു തെളിവും ഇല്ലാതെയാണ് മഹുവയ്‌ക്കെതിരെ ബിജെപി അംഗം നിഷികാന്ത് ദുബെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ ആരോപണം കാരണമായെടുത്ത് മഹുവയ്‌ക്കെതിരെ നേരത്തെ നിശ്ചയിച്ച പദ്ധതി നടപ്പാക്കുകയാണ് ഭരണപക്ഷമെന്ന് അവര്‍ കുറ്റപ്പെടുത്തി.

സമിതി റിപ്പോര്‍ട്ടിന് അനുകൂലമായി സഭ വോട്ടു ചെയ്താല്‍ മഹുവയുടെ അംഗത്വം റദ്ദാവും.”

Continue Reading