Connect with us

Entertainment

കള്‍ച്ചറല്‍ ഫെസ്റ്റ് തരംഗ് ഡിസംബര്‍ 15, 16, 22 തിയ്യതികളില്‍

Published

on

ദോഹ: കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍ ഓഫ് കേരള ഖത്തര്‍ (കാക് ഖത്തര്‍) ഇന്റര്‍ കോളെജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ് തരംഗ് ഡിസംബര്‍ 15, 16, 22 തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ 15, 16 തിയ്യതികളില്‍ വ്യക്തിഗത ഇനങ്ങളും 22ന് ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും സംഘടിപ്പിക്കും. അഞ്ച് വയസ്സ് മുതലുള്ള മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സബ്ജൂനിയര്‍, ജൂനിയര്‍, ഇന്റര്‍മീഡിയറ്റ്, സീനിയര്‍ വിഭാഗങ്ങളിലായി 62 മത്സര ഇനങ്ങളാണ് സംഘടിപ്പിക്കുന്നത്.

ഭരതനാട്യം, നാടോടിനൃത്തം, ഫാന്‍സി ഡ്രസ്, മോണോആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, വിവിധ ഭാഷകളിലെ പ്രസംഗ മത്സരം, കഥ പറച്ചില്‍, വിവിധ ഭാഷകളില്‍ പദ്യം ചൊല്ലല്‍ തുടങ്ങി 50ല്‍പരം വ്യക്തിഗത മത്സരങ്ങളും സംഘടിപ്പിക്കും. കവിതാ രചന, കഥാരചന, ചിത്രരചന, ഫീച്ചര്‍ എഴുത്ത്, ഫോട്ടോഗ്രഫി, സാലഡ് മേക്കിംഗ്, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് പോലുള്ള മത്സരങ്ങളും ഉണ്ടായിരിക്കും. വട്ടപ്പാട്ട്, ഒപ്പന, മൈം, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം എന്നിവ ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമാകും.

ഓരോ വിഭാഗത്തിലും കൂടുതല്‍ പോയിന്റ് നേടി വ്യക്തിഗത നേട്ടം കൈവരിക്കുന്നവരെ കുരുന്നു പ്രതിഭ, ബാലപ്രതിഭ, യുവപ്രതിഭ, കലാപ്രതിഭ എന്നീ പട്ടങ്ങള്‍ നല്‍കി ആദരിക്കും.

കാക് ഫെസ്റ്റിനോടനുബനധിച്ച് സംഘടിപ്പിച്ച കാക് ഫെസ്റ്റ് ടൈറ്റില്‍ കോണ്ടസ്റ്റില്‍ തരംഗ് എന്ന ടൈറ്റില്‍ നിര്‍ദ്ദേശിച്ച എം എസ് എം കോളജിലെ മിനി ഷൈജുവിനെ വിജയിയായി തെരഞ്ഞെടുത്തു. ലോഗോ മത്സരത്തില്‍ എം എസ് എം കോളജിലെ ഷൈജു ധമനി ഡിസൈന്‍ ചെയ്ത ലോഗോ കാക് ഫെസ്റ്റ് 2023 ഒഫീഷ്യല്‍ ലോഗോ ആയി തെരഞ്ഞെടുത്തു.

കാക് ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളേയും ഉള്‍പ്പെടുത്തി കാക് ബെസ്റ്റ് മാഗസിന്‍ അവാര്‍ഡ് മത്സരവും സംഘടിപ്പിക്കും. കോളജുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. വിദഗ്ധ പാനലിന്റെ നേതൃത്വത്തില്‍ മാഗസിനുകള്‍ വിലയിരുത്തുന്ന ഒരുക്കങ്ങള്‍ നടക്കുകയാണ്. ഫോട്ടോഗ്രഫി മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

കേരളത്തില്‍ നിന്നുള്ള 21ല്‍പരം പ്രമുഖ കോളജുകളുടെ അലുംനി അസോസിയേഷനുകള്‍ ഭാഗമാകുന്ന കാക് ഖത്തര്‍ എല്ലാ വര്‍ഷവും വിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 33058296, 55658574, 77199690 എന്നീ നമ്പറുകളഇലോ caakqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളത്തില്‍ കാക് ഖത്തര്‍ പ്രസിഡന്റ് സി കെ അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം, ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ്, ഷൈജു ധമനി, ഷഹനാസ് ബാബു, ശ്രീകുമാ, മുഖ്യസ്‌പോണ്‍സര്‍ ഡ്രീം പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ്, അപ്പീല്‍ ജൂറി ചെയര്‍മാന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സുബൈര്‍ പാണ്ഡവത്ത്, സാം കുരുവിള, വളണ്ടിയര്‍ ക്യാപ്റ്റന്‍ യൂനസ് സലീം എന്നിവര്‍ പങ്കെടുത്തു.

Continue Reading