Connect with us

Crime

വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ

Published

on

കൊച്ചി: പത്തുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാവിധിയിൽ വാദം ഉച്ചയ‌്ക്ക് ശേഷം ആരംഭിക്കും.

2021 മാർച്ച് 22നാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയെന്നാണ് കേസ്. ഭാര്യയോടുളള ദേഷ്യവും മകളോടുള്ള അമിതസ്‌നേഹവും കടക്കെണിയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയിലുമാണ് വൈഗയെ കൊന്ന് ഒളിവിൽ പോകാൻ സനു മോഹനെ പ്രേരിപ്പിച്ചതെന്ന് തൃക്കാക്കര ഇൻസ്‌പെക്ടർ കെ. ധനപാലൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

പൊലീസിനെ കുഴക്കിയ കേസ്
ഒരുമാസത്തോളം കൊച്ചി സിറ്റി പൊലീസിനെ വട്ടം ചുറ്റിച്ചതാണ് വൈഗ കൊലക്കേസ്. 2021 മാർച്ച് 21നാണ് 13കാരി വൈഗ കൊല്ലപ്പെട്ടത്. പിറ്റേന്ന് മുട്ടാർപുഴയിൽ മൃതദേഹം പൊങ്ങിയെങ്കിലും പിതാവ് സനു ദുരൂഹമായി അപ്രത്യക്ഷനായതാണ് അന്വേഷണത്തെ വലച്ചത്. ഏപ്രിൽ 19ന് കർണാടകയിലെ കാർവാറിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.അറസ്റ്റിലായി 90 ദിവസം തികയുംമുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് സ്വാഭാവികജാമ്യം കിട്ടിയില്ല. സനു വിൽക്കുകയും വഴിയിൽ എറിഞ്ഞുകളയുകയും ചെയ്ത ഫോണുകൾ കണ്ടെത്താനായത് കേസിൽ നിർണായക തെളിവായി.

എന്നാൽ തനിക്കെതിരായ തെളിവുകൾ പരസ്പര വിരുദ്ധമാണെന്നും കുട്ടിയെ കൊലപ്പെടുത്തിയതു താനാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു സനു മോഹന്റെ വാദം. കുട്ടികളെ കൊലപ്പെടുത്തിയ അമ്മമാർക്ക് പല കേസുകളിലും ജാമ്യം ലഭിച്ചതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Continue Reading