Crime
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ ശ്രമം, ലക്ഷ്യം തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തൽ

ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് അരവിന്ദ് കെജ്‌രിവാളിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കെജ്‌രിവാൾ ഹാജരായിട്ടില്ല. തനിക്കു നൽകിയിരിക്കുന്ന നോട്ടീസ് നിയമപ്രകാരമല്ല എന്ന മറുപടിയാണ് ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനു കാരണമായി കെജ്‌രിവാൾ ഇഡിയെ അറിയിച്ചിരിക്കുന്നത്. അതിനു പുറകേയാണ് എഎപി നേതാവ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ മോദി സർക്കാരിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്.
മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് ഏതു വിധത്തിലാണെന്ന് ഇഡി ഇതു വരെയും വ്യക്തമാക്കിയിട്ടില്ല. കേസിൽ അദ്ദേഹം പ്രതിയാണോ സാക്ഷിയാണോ എന്നതിൽ വ്യക്തതയില്ല. മദ്യനയക്കേസ് മുഴുവനായും രാഷ്‌ട്രീയ പ്രേരിതമാണെന്നും നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം മുന്നിൽ കണ്ടു കൊണ്ടാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഭരദ്വാജ് ആരോപിച്ചു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒരു വർഷത്തോളമായി ജയിലിൽ തുടരുകയാണ്. ഇന്നോ നാളെയോ അദ്ദേഹം നിരപരാധിയാണെന്ന് തെളിയുമെന്നും എഎപി നേതാവ് പറഞ്ഞു.
ബുധനാഴ്ചയാണ് ഇഡി കെജ്‌രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇതു മൂന്നാം തവണയാണ് കെജ്‌രിവാളിന് ഇഡി സമൻസ് ലഭിക്കുന്നത്. മൂന്നു തവണയും കെജ്‌രിവാൾ ഹാജരായിട്ടില്ല.