Gulf
എഴുത്ത് ഒരിക്കലും ഒരു ഭീരുവിന്റെ ജോലിയല്ല. ടി ഡി രാമകൃഷ്ണൻ

ഖത്തർ:എന്തെഴുതണം തന്റെ കൃതികൾ എങ്ങിനെ വായിക്കപ്പെടണം എന്നീ കാര്യങ്ങളെക്കുറിച്ച് രചന നടത്തുന്നതിന് മുൻപെ തന്നെ എഴുത്തുകാരന് ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് പ്രമുഖ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു
എഴുത്ത് ഒരിക്കലും ഒരു ഭീരുവിനെ ജോലിയല്ല, ഒരു രചന നടന്നു കഴിഞ്ഞാൽ അത് പിന്നീട് അനുവാചകരുടെതാണ് . തുടർന്നു വരുന്ന പ്രതികരണങ്ങളും വിമർശനങ്ങളും അംഗീകരിക്കാൻ എഴുത്തുകാരൻ ബാധ്യസ്ഥനാണ്. ഒരു നോവലിന്റെ പണിപ്പുരയിൽ ഇരിക്കുന്ന എഴുത്തുകാരൻ എഴുത്തിന് വേണ്ടി തിരഞ്ഞെടുത്ത തീമിനൊപ്പം സഞ്ചരിച്ച് മാനസീകമായി വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നത് രചനയുടെ ഗുണമേന്മക്ക് സഹായകമാകും.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ഫ്രാൻസിസ് ഇട്ടിക്കോര, ആൽഫ തുടങ്ങിയ വിഖ്യാത നോവലുകളുടെയും അനേകം മനോഹര ചെറുകഥകളുടേയും കർത്താവ് കൂടിയായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ.
എഴുത്തിന്റെ രസതന്ത്രത്തെകുറിച്ചും
താൻ എഴുതി തുടങ്ങിയ രീതികളെക്കുറിച്ചും ലളിതമായി വിശദീകരിച്ചു കൊണ്ട് എഴുത്തുകാർക്ക് അനുഗുണമാകുന്ന അനേകം ടിപ്പുകൾ നിരത്തിയുള്ള അദ്ദേഹവുമായുള്ള സംവേദനം
സദസ്സിന് പുത്തൻ അനുഭവമായി.
സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
പ്രസിഡണ്ട് ഡോ. സാബു കെ സി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
ഹുസൈൻ കടന്നമണ്ണ സ്വാഗതവും തൻസിം കുറ്റ്യാടി നന്ദിയും പറഞ്ഞു.