Connect with us

Crime

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം . മകളുടെ കല്യാണത്തിന് മോദിയെത്തും

Published

on



കൊച്ചി : മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സിനിമാനടനും മുൻഎംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി.  നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു.  ഹർജിയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ  കോടതി നിർദ്ദേശിച്ചിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

കരുവന്നൂർ വിഷയത്തിൽ സർക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി  ആരോപിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 

ഒക്ടോബർ 27ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ച സംഭവത്തിൽ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പരിശോധിച്ച പൊലീസ്, 17 മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തിരുന്നു.

അതിനിടെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി ജനുവരി 17 ന് ഗുരുവായൂരിൽ  എത്തിയേക്കും.  കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. മകളുടെ വിവാഹത്തിന് സുരേഷ്ഗോപിയും ഭാര്യ രാധികയും പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ചിരുന്നു.

സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പോലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളെജിലെ ഹെലിപ്പാഡ് പോലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പോലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍.





Continue Reading