Connect with us

Crime

സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ നീക്കം തുടങ്ങി.

Published

on

കൊച്ചി: പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ജനുവരി 24 വരെ സവാദ് റിമാന്റിലാണ്. ഇപ്പോൾ എറണാകുളം സബ് ജയിലിലാണ് ഇയാൾ തടവിൽ കഴിയുന്നത്. പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.രഹസ്യ വിവരത്തെ തുടർന്ന് മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ നിന്നാണ് സവാദിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ എൻഐഎ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. 13 വർഷവും കണ്ണൂരിലും കാസർകോടും മാറിമാറി താമസിക്കുകയായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് നിന്ന് വിവാഹം കഴിച്ചു. ഭാര്യാ പിതാവ് കാസർകോട്ടെ എസ്‌ഡിപിഐ പ്രവർത്തകനാണ്. ഒന്നര വർഷം മുമ്പാണ് ബേരത്ത് എത്തിയത്. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു താമസം. മരപ്പണിക്ക് പോകുമായിരുന്നു. കണ്ണൂരിലും കാസർകോടും നിരവധി സ്ഥലങ്ങളിൽ താമസിച്ചിരുന്നു. 2011 മാർച്ചിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

Continue Reading