NATIONAL
ബിജെപിക്ക് കനത്ത തിരിച്ചടി നൽകി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജെയ്‌സിങ് റാവു പാർട്ടി വിട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടിയായി മുതിർന്ന നേതാവ് പാർട്ടി വിട്ടു. മുൻ കേന്ദ്രമന്ത്രിയായ ജെയ്‌സിങ്‌റാവു ഗെയ്ക്‌വാദ് പാട്ടീലാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ മറ്റൊരു മുതിർന്ന നേതാവു കൂടി ബിജെപി വിട്ടത് പാർട്ടിക്ക് ക്ഷീണമായിരിക്കുകയാണ്.
മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിന് ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്ത് അയക്കുകയായിരുന്നു. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകുന്നില്ലെന്നും അതുകൊണ്ട് താൻ രാജിവെക്കുന്നെന്നാണ് ജെയ്‌സിങ് പറഞ്ഞത്.
എംഎൽഎയോ എംപിയോ ആകാൻ തനിക്ക് താല്പര്യമില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജെയ്‌സിങ് പ്രതികരിച്ചു. കഴിഞ്ഞ 10 വർഷമായി അത്തരത്തിലൊരു ഉത്തരവാദിത്വം നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി തനിക്ക് അവസരം നൽകിയില്ല. സംസ്ഥാനത്ത് പാർട്ടിയെ വളർത്താൻ പ്രയത്‌നിച്ചവരെ പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം ഗെയ്ക്‌വാദ് പാട്ടീലിന്റെ രാജിയെ സംബന്ധിച്ച് പാർട്ടി പ്രതികരിച്ചിട്ടില്ല.