KERALA
ഒഞ്ചിയം മേഖലയിൽ യു.ഡി.എഫും ആർ.എം.പി യും ചേർന്ന ജനകീയ മുന്നണി മത്സരിക്കും

കോഴിക്കോട് :: ഒഞ്ചിയത്തും വടകരയിലും യു.ഡി.എഫും ആർ.എം.പി.ഐ. യും ചേർന്നുള്ള ജനകീയ മുന്നണിയിൽ സീറ്റ് ധാരണയായി. ഒഞ്ചിയം, അഴിയൂർ, ഏറാമല, ചോറോട് ഗ്രാമപ്പഞ്ചായത്തുകൾ, ഈ പഞ്ചായത്തുകൾ ഉൾപ്പെടുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജനകീയ മുന്നണി എന്ന പേരിൽ യു.ഡി.എഫും ആർ.എം.പി.ഐ.യും മത്സരിക്കുന്നത്.
ധാരണപ്രകാരം നാല് പഞ്ചായത്തുകളിൽ ആർ.എം.പി.ഐ. 24 വാർഡുകളിൽ മത്സരിക്കും. 25 വാർഡുകളിൽ കോൺഗ്രസും 23 ഇടത്ത് മുസ്ലിം ലീഗും മത്സരിക്കും. മൂന്നിടത്ത് സ്വതന്ത്രൻമാരാണ്. ഒഞ്ചിയം പഞ്ചായത്തിലാണ് ആർ.എം.പി.ഐ. കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. ആകെയുള്ള 17 വാർഡുകളിൽ ഒമ്പതിടത്ത്.
വടകര ബ്ലോക്ക് പഞ്ചായത്തിലും ജനകീയ മുന്നണിയായാണ് മത്സരം. എല്ലായിടത്തും യു.ഡി.എഫും ആർ.എം.പി.ഐ.യും പരസ്പരം മത്സരിക്കാത്ത വിധമാണ് ധാരണ. കഴിഞ്ഞ രണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ചില സീറ്റുകളിൽ പരസ്പരധാരണയോടെ മത്സരിച്ചെങ്കിലും മറ്റുചില സീറ്റുകളിൽ യു.ഡി.എഫും ആർ.എം.പി.ഐ.യും പരസ്പരം മത്സരിച്ചിരുന്നു. ഇത് ഇടതുമുന്നണിക്കാണ് ഗുണം ചെയ്തതെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇത്തവണ പരസ്പരമുള്ള മത്സരം ഒഴിവാക്കിയത്.
കഴിഞ്ഞതവണ വടകര ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും ഭരണം പിടിക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നു. ആർ.എം.പിയുടെ കൂടി പിന്തുണയോടെയാണിത്. എൽ.ജെ.ഡി. അന്ന് ഒപ്പമുണ്ടായതും യു.ഡി.എഫിനെ തുണച്ചു. ഇത്തവണ എൽ.ജെ.ഡി. എൽ.ഡി.എഫിലായതുകൂടി കണക്കിലെടുത്താണ് യു.ഡി.എഫും ആർ.എം.പി.യും തന്ത്രം മാറ്റി ജനകീയമുന്നണിയുടെ ബാനറിൽ മത്സരിക്കുന്നത്.
.