Crime
സ്ത്രീ വേഷത്തില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവ് അറസ്റ്റിൽ

സ്ത്രീ വേഷത്തില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവ് അറസ്റ്റിൽ
പഞ്ചാബ്: സ്ത്രീ വേഷത്തില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് സംഭവം. ഫസില്‍കയില്‍ നിന്നുള്ള അങ്ക്രെസ് സിങ് എന്നയാളാണ് പിടിയിലായത്. ബാബാ ഫരിദ് സര്‍വകലാശാലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരീക്ഷയാണ് അങ്ക്രെസ് എഴുതാന്‍ എത്തിയത്.
ഈ മാസം ഏഴിനായിരുന്നു പരീക്ഷ. സ്ത്രീ വേഷത്തിലെത്തിയ യുവാവ് ചുവന്ന വളകളും പൊട്ടും ലിപ്സ്റ്റിക്കും അണിഞ്ഞിരുന്നു. പരംജീത് കൗര്‍ എന്ന യുവതിയ്ക്ക് വേണ്ടിയാണ് ഇയാള്‍ പരീക്ഷയ്ക്ക് ഹാജരായതെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അറിയിച്ചു.
വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കി. എന്നാല്‍ ബയോമെട്രിക് ഉപകരണങ്ങള്‍ വഴിയാണ് പ്രതി കുടുങ്ങിയത്. സംഭവം നടന്ന ഉടനെ തന്നെ സര്‍വകലാശാല അധികൃതര്‍ പരാതിയുമായെത്തി. ഇത്തരത്തില്‍ ഇനിയും വലിയ തോതില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോയെന്ന സംശയവും അധികൃതര്‍ ഉന്നയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ യഥാര്‍ഥ പരീക്ഷാര്‍ഥിയുടെ യോഗ്യത സര്‍വകലാശാല റദ്ദ് ചെയ്തു. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.