Crime
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് ചുമത്തിയ രണ്ട് കേസുകളിൽ ജാമ്യം.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ രണ്ട് കേസുകളിൽ ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ഇന്നു രാവിലെ ചുമത്തിയ പുതിയ രണ്ട് കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക. നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുല്‍ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ഇന്നത്തെ അറസ്റ്റ്. ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കെതിരെ പൊലീസ് അഞ്ചിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.