Crime
മോഷ്ടിച്ച അര കിലോ സ്വർണ്ണവുമായ് തൊഴിലാളി സംസ്ഥാനം വിട്ടു. 12 മണിക്കൂറിനുള്ളൽ പോലിസ് പ്രതിയെ പിടികൂടി

തൃശൂർ: സ്വർണാഭരണ നിർമാണ ശാലയിൽ നിന്നു മോഷ്ടിച്ച അരക്കിലോ സ്വർണവുമായി തൊഴിലാളി സംസ്ഥാനംവിട്ടു.12 മണിക്കൂറിനുള്ളിൽ പൊലീസ് കോയമ്പത്തൂരിൽ നിന്നു പ്രതിയെ പിടികൂടി സ്വർണം വീണ്ടെടുത്തു.
ബംഗാൾ ഹൗറ സ്വദേശി കുമാർ (25) ആണ് നെടുപുഴ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ചിയ്യാരം പെരിഞ്ചേരി വിബിൻ നടത്തുന്ന സ്വർണാഭരണ പോളിഷിങ് സ്ഥാപനത്തിലെ ജോലിക്കാനാണ് കുമാർ.
3 വർഷമായി ഇയാൾ ഇവിടെ ജോലിചെയ്യുന്നു.രാവിലെ വിബിൻ 500 ഗ്രാം സ്വർണം കേന്ദ്രത്തിലെത്തിച്ചിരുന്നു. കുമാർ ആണ് സ്വർണം കൈപ്പറ്റിയതും നിർമാണ ജോലികൾ നടത്തിയതും. പുറത്തുപോയി മടങ്ങിയെത്തിയ വിബിൻ കണ്ടത് നിർമാണശാല അടഞ്ഞുകിടക്കുന്നതാണ്.
കുമാർ സ്വർണവുമായി മുങ്ങിയെന്നു വ്യക്തമായതോടെ പൊലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചപ്പോൾ കുമാർ കോയമ്പത്തൂരിലേക്കു കടന്നതായി വ്യക്തമാകുകയായിരുന്നു. .
എസിപി വി.കെ. രാജുവിന്റെ നിർദേശപ്രകാരം നെടുപുഴ ഇൻസ്പെക്ടർ ജി. അരുണും സംഘവും കോയമ്പത്തൂർ വരെ കുമാറിനെ പിന്തുടർന്നെത്തി. ആർഎസ് പുരം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് കുമാറിനെ പിടികൂടിയത്. സിപിഒമാരായ അഖിൽ വിഷ്ണു, നിഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.