Connect with us

Gulf

എഴുത്തുകൾ എഴുത്തുകാരന് അനശ്വരതയേകുന്നു. :മുഹമ്മദ് ഹനീഷ്

Published

on

ദോഹ: എഴുത്തുകാരന്റെ സർഗസിദ്ധിയിലൂടെ ജനിച്ചുവീഴുന്ന അക്ഷരക്കൂട്ടുകൾ സമൂഹം ഏറ്റെടുക്കുകയും ആവർത്തിച്ച് വായിക്കുകയും ചെയ്യുന്നതിലൂടെ സംസ്കാരം പ്രോജ്ജ്വലമാവുകയും എഴുത്തുകാരന് അനശ്വരത കൈവരികയും ചെയ്യുന്നുവെന്ന് കേരള ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വ്യവസായവകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഗൾഫ്മാധ്യമം ഖത്തർ സംഘടിപ്പിച്ച ‘എജുകഫേ’യിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ അദ്ദേഹം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഒരുക്കിയ സ്വീകരണത്തിൽ ‘എഴുത്തിലെ നിഷ്പക്ഷതയും കാണാപ്പുറങ്ങളും’ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
എഴുതിയ പുസ്തകങ്ങളുടേയും പേജുകളുടെയും എണ്ണ-വണ്ണങ്ങൾക്കുപരി ഉള്ളടക്കത്തിന്റെ കരുത്തും കാതലും സൗന്ദര്യവുമാണ് എഴുത്തുകാരനും കൃതിശിൽപ്പത്തിനും അനശ്വരതയേകുന്നത്. അതിന് ചിലപ്പോൾ നാലു വരി കവിത മാത്രം മതിയാവും.

‘അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി.. അതിനുള്ളിൽ ആനന്ദ ദീപം കൊളുത്തി’ എന്നെഴുതിയ കവി പന്തളം രാമൻപിള്ള അതിന് മുമ്പോ ശേഷമോ കാര്യമായൊന്നും എഴുതിയതായി അറിവില്ല. പക്ഷെ അദ്ദേഹത്തെ നാം എന്നും ഓർക്കുന്നു.

എഴുത്തുകാരന്റെ നിഷ്പക്ഷത ആപേക്ഷികമാണ്. പൂർണ്ണമായ നിഷ്പക്ഷത എന്നൊന്നില്ല. അദ്ദേഹം പറഞ്ഞു.

ദൗർഭാഗ്യകരമായ കാര്യങ്ങൾ സമൂഹവുമായി പങ്ക് വക്കേണ്ടി വരുമ്പോഴും സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും നൂലിഴ പൊട്ടാതിരിക്കാനുള്ള സൂക്ഷ്മത എഴുത്തുകാരൻ ദീക്ഷിക്കേണ്ടിയിരിക്കുന്നു.

മാനവ ചരിത്രം വിവിധ ഘട്ടങ്ങളിലൂടെ വികസിച്ച് ഒരു ആഗോള ഗ്രാമം എന്ന നിലയിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നത് ടെക്നോളജി വികസനത്തിന്റെയും വിമാനങ്ങളുടെ സർവ്വീസ് ഫ്രീക്വൻസിയുടെയും കാര്യത്തിൽ ശരിയാണ്. അതേസമയം മനുഷ്യമനസ്സുകൾ തമ്മിലുള്ള അകലം കുറയുകയല്ല, കൂടുകയാണുണ്ടായത്. ലാറ്റിനമേരിക്കയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവലതുപക്ഷം തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ വരുന്നത് അതിന്റെ തെളിവാണ്. ഹനീഷ് കൂട്ടിച്ചേർത്തു.

ഖിയാഫ് പ്രസിഡൻറ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന. സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ഖിയാഫ് അംഗങ്ങളുടെ ചോദ്യോത്തരങ്ങൾക്ക് ശേഷം വൈസ് പ്രസിഡൻറ് ശ്രീകല ഗോപിനാഥ് ചർച്ച ഉപസംഹരിച്ചു.

Continue Reading