Entertainment
ആസ്വാദക ഹൃദയങ്ങള്‍ക്ക് കുളിര്‍മയായി സംഗീത സാന്ദ്രമായ സായാഹ്നം പി വി എ നാസര്‍

ദോഹ: പാട്ടുപാടിയും പാട്ടിന്റെ വര്‍ത്തമാനം പറഞ്ഞും പോയകാലത്തിന്റെ മധുര ഗാനങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ജനുവരിയുടെ തണുത്ത സായാഹ്നത്തില്‍ ആസ്വാദക ഹൃദയങ്ങള്‍ക്ക് ചൂടുപകര്‍ന്ന് ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം.
തുമാമ വൈബ്രന്റ് ഹാളിലാണ് ഖത്തറിലെ ഇന്ത്യന്‍ എഴുത്തുകാരുടെ കൂട്ടായ്മ പരിപാടി ഒരുക്കിയത്. സഹൃദയ സദസ്സിന് ഗൃഹാതുരത്വമുണര്‍ത്തുന്നതായിരുന്നു പരിപാടി.

പി ഭാസ്‌ക്കരന്‍ മാസ്റ്ററുടെ മണ്ണിന്റെ മണമുള്ള വരികള്‍ക്ക് പ്രകൃതിയുടെ താളഭംഗി ചോരാതെ എം എസ് ബാബുരാജിന്റേയും കെ രാഘവന്‍ മാസ്റ്ററുടേയും സംഗീത സംവിധാനത്തില്‍ പിറന്ന മലയാളി മറക്കാത്ത താമസമെന്തേ വരുവാനും കായലരികത്ത് വള കിലുക്കിയും കണ്ണുതുറക്കാത്ത ദൈവങ്ങളും അകലെയകലെ നീലാകാശവും തുടങ്ങി പഴയ കാലത്തിന്റെ ജീവിതഗന്ധിയായ ഒരുപിടി ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ സദസ്സ് അക്ഷരാര്‍ഥത്തില്‍ ആനന്ദ നിര്‍വൃതിയില്‍ ആറാടി.
ഖത്തറിലെ പ്രശസ്ത കാലാകാരനും നടനും ഗായകനുമായ അന്‍വര്‍ ബാബുവാണ് പരിപാടി അവതരിപ്പിച്ചത്. കെ രാഘവന്റേയും ബാബുരാജിന്റെയും ഗാനങ്ങള്‍ പിറന്നതിന്റെ പിന്നാമ്പുറക്കഥകള്‍ അന്‍വര്‍ ബാബു തന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ കേട്ടുനിന്നവര്‍ക്ക് കൗതുകകരമായ അനുഭവമായി.
പഴയ പാട്ടുകളുമായി അഷറഫ് മടിയാ, കരുണ്‍, കൃഷ്ണകുമാര്‍, ബീന മന്‍സൂര്‍, സുധീര്‍ എ എ, സുബൈര്‍ വാണിമേല്‍, എം ടി നിലമ്പൂര്‍, മഹമ്മൂദ് മാട്ടൂല്‍, മുസ്തഫ എലത്തൂര്‍ ഉള്‍പ്പെടെയുള്ള സദസ്യരും അന്‍വറിനൊപ്പം എഴുപതുകളിലെ കൗമാര കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ മൂന്നുമണിക്കൂര്‍ നീണ്ട സംഗീത സായാഹ്നം മറക്കാനാവാത്തതായി.
ഫൈസല്‍ അബൂബക്കര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ. സാബു ഓതേഴ്‌സ് ഫോറത്തെ പരിചയപ്പെടുത്തി. ഹുസൈന്‍ കടന്നമണ്ണ, അഷറഫ് മടിയാരി, ഹുസൈന്‍ വാണിമേല്‍, ഷംന ആസ്മി, അബ്ദുല്‍ സലാം മാട്ടുമ്മല്‍, തന്‍സീം കുറ്റ്യാടി, ഷംല ജഅഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷാഫി പി സി പാലം നന്ദി പറഞ്ഞു.