NATIONAL
സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐക്ക് അനേഷണങ്ങളിലേക്ക് കടക്കാനാവില്ലെന്ന് കോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐക്ക് അന്വേഷണങ്ങളിലേക്ക് കടക്കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളുടെ അംഗീകാരമില്ലെങ്കിൽ സി.ബി.ഐയുടെ അന്വേഷണ പരിധി നീട്ടാനാവില്ലെന്നും കോടതി അറിയിച്ചു. ഉത്തർപ്രദേശിൽ അഴിമതി കേസിൽ പ്രതികളായിട്ടുള്ള ഉദ്യോഗസ്ഥർ സമർപ്പിച്ചിട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി ഇത്തരത്തിൽ ഉത്തരവിട്ടിരിക്കുന്നത്.
‘നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാന സമ്മതം നിർബന്ധമാണ്, സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി നീട്ടാൻ കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറൽ ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു’ സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.എം. ഖൻവിൽക്കർ, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.
കേരളമടക്കം ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ഈ ഉത്തരവ് ഏറെ പ്രധാന്യമർഹിക്കുന്നതാണ്. കേരളം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്. മിസോറാം എന്നീ സംസ്ഥാനങ്ങൾ സി.ബി.ഐക്ക് നൽകിയിട്ടുള്ള പൊതുഅനുമതി പിൻവലിച്ചിരുന്നു. കഴിഞ്ഞ മാസമാണ് കേരളം ഈ അനുമതി റദ്ദാക്കിയത്.