NATIONAL
സോണിയാഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്.
തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു. സംസ്ഥാന രൂപവത്കരണത്തിന് പ്രത്യുപകാരം ചെയ്യാനും തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം സോണിയയോട് വ്യക്തമാക്കി.ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും രേവന്തിനൊപ്പമുണ്ടായിരുന്നു.
ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു സോണിയയുടെ മറുപടി. ഖമ്മം മണ്ഡലത്തില്‍ മത്സരിക്കാനാണ് സംഘം സോണിയയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ 17 സീറ്റുകളില്‍ പരമാവധി എണ്ണത്തിലും വിജയം നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.