Connect with us

Crime

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 31 തവണയാണ് കേസ് സുപ്രീം കോടതിക്ക് മുന്നിൽ ലിസ്‌റ്റ് ചെയ്യപ്പെടുന്നത്.

Published

on

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 31 തവണയാണ് കേസ് സുപ്രീം കോടതിക്ക് മുന്നിൽ ലിസ്‌റ്റ് ചെയ്യപ്പെടുന്നത്. സി ബി ഐയുടെ മുതിർന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് കഴിഞ്ഞ തവണ കേസ് മാറ്റിവച്ചത്. ആറ് വർഷമായി നാല് ‌ ‌ബെഞ്ചുകളിൽ മാറിമാറിയെത്തിയ എസ് എൻ സി ലാവ്‌ലിൻ കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്,​ ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേൾക്കുന്നത്.

ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിൻ കേസിന് അടിസ്ഥാനം. ലാവ്‌ലിൻ കമ്പനിക്ക് ഈ കരാർ നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് കേസിലെ പ്രധാന ആരോപണം.

2006 മാർച്ച് ഒന്നിനാണ് എസ് എൻ സി ലാവ്‌ലിൻ കേസ് സി.ബി.ഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ 2006 ഡിസംബർ നാലിന്, ലാവ്‌ലിൻ കേസിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് വി എസ് സർക്കാർ തീരുമാനിച്ചു.

2007 ജനുവരി 16 ന് കേസ് സി ബി ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂൺ 11 ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം നൽകി. 2013 നവംബർ അഞ്ചിന് പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് സി ബി ഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കേസിൽ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബർ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ ഹർജി നൽകി. 2018 ജനവരി 11 ന് കസ്തൂരി രംഗ അയ്യർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. 2020 ഓഗസ്റ്റ് 27 മുതൽ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലാണ്. സി ബി ഐ അഭ്യർത്ഥനയനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റി.

Continue Reading