Crime
അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു എസ്പിയെ നാട്ടുകാര്‍ ഗോ ബാക്ക് വിളികളുമായി തടഞ്ഞു

മാനന്തവാടി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കര്‍ണാടക വനം വകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തില്‍ ഇന്ന് രാവിലെ മാനന്തവാടി പടമല ചാലിഗദ്ധ കോളനിയിലെ ട്രാക്ടര്‍ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്.
കടകള്‍ അടച്ചും മാനന്തവാടിയിലേക്കുള്ള എല്ലാ റോഡുകള്‍ ഉപരോധിച്ചും കൊണ്ടാണ് പ്രതിഷേധം.
സംഭവസ്ഥലത്തെത്തിയ എസ്പിയെ നാട്ടുകാര്‍ ഗോ ബാക്ക് വിളികളുമായി തടഞ്ഞിരുന്നു. എസ് പിയുടെ വാഹനം പ്രതിഷേധക്കാര്‍ കയറ്റിവിടാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എസ്.പി നടന്നുപോവുകയായിരുന്നു. മാനന്തവാടി മിന്നു മണി ജംഗ്ഷനിലാണ് എസ്പി നാരായണനെ നാട്ടുകാര്‍ തടഞ്ഞത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ജില്ലാ കളക്ടറെയും പ്രതിഷേധക്കാര്‍ തടഞ്ഞു.
റേഡിയോ കോളര്‍ ഘടിപ്പിച്ച ആന എത്തിയതായി മുന്നറിയിപ്പോ ജാഗ്രതാ നിര്‍ദേശമോ വനം വകുപ്പ് നല്‍കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വീട്ടുമുറ്റത്തുവെച്ച് ആന അജിയെ കുത്തുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ആക്രമണം നടത്തിയത്. അജിയുടെ വീട്ടുമുറ്റത്ത് എത്തിയ ആന യുവാവിവ് പിന്നാലെ പായുന്ന സിസി ടിവി ദ്യശ്യങ്ങള്‍ പുറത്തു വന്നു. ആന ജനവാസ മേഖലയില്‍ നിലയുറപ്പിച്ചതിനാല്‍ മാനന്തവാടി നഗരസഭയിലെ നാലു വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
വിഷയത്തില്‍ ഉന്നതതല യോഗം നടക്കുകയാണ്. എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സബ് കളക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെയും പ്രതിഷേധക്കാർ തടിച്ച് കൂടിയിരിക്കുകയാണ്.