Crime
അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി

മാനന്തവാടി: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ യോഗത്തിൽ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കെെമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കെെമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്നിക്കുമെന്നും യോഗത്തിൽ ധാരണയായതായി തഹസിൽദാർ (ലാൻഡ് ട്രിബ്യൂണൽ) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.
അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അനുകൂല പരിഗണന നല്‍കും.
കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി.
മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നുതന്നെ തുടങ്ങുമെന്ന് വനംമന്ത്രി അറിയിച്ചു.