Crime
നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റില്ല. സർക്കാറിന്റെയും നടിയുടെയും ഹരജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.സിംഗിൾ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്.
തിങ്കളാഴ്ച മുതൽ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേൾക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അക്രമണത്തിനിരയായ നടിയും സർക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതി മുറിയിൽവെച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താൻ കോടതിയിൽ പൊട്ടിക്കരഞ്ഞുവെന്നും നടി ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗത്തെ 20-ഓളം അഭിഭാഷകർ കോടതിമുറിയിൽ വെച്ച് മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നൽകിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹർജിയിലുണ്ടായിരുന്നു.