Education
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. മന്ത്രി ആ ബിന്ദുവും വി സിയുമായി തർക്കം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവും വി സിയുമായി തർക്കമുണ്ടായി. സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തിൽ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിർത്ത് വി സി മോഹനൻ കുന്നുമ്മൽ രംഗത്തെത്തുകയായിരുന്നു.
‘വിസിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് കമ്മിറ്റി യോഗത്തിലേക്ക് നോമിനിയെ തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ നിലവിലെ വിസിയാണ് യോഗം വിളിച്ചത്. ഇതനുസരിച്ച് ഞങ്ങൾ യോഗത്തിൽ പങ്കെടുത്ത് നോമിനേഷൻ നൽകിയെങ്കിലും ഒരു വിഭാഗം സെനറ്റ് അംഗങ്ങൾ ഇതിനെ എതിർത്തുകൊണ്ട് പ്രമേയം പാസാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള യോഗങ്ങളിൽ പ്രമേയം അവതരിപ്പിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. എന്നാൽ, ഇവിടെ അവതരിപ്പിക്കാത്ത പ്രമേയം അവതരിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രി അത് പാസാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുഡിഎഫ് അംഗങ്ങളുടെ സീറ്റിൽ മൈക്ക് പോലും നിഷേധിച്ചു.
ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സർവകലാശാലയുടെ യശസ് തകർക്കാനും ഭരണം സ്തംഭിക്കാനുമുള്ള സാഹചര്യം ഉണ്ടാകരുത്. സർവകലാശാലയുടെ വിദ്യാഭ്യാസ താൽപ്പര്യങ്ങൾക്കെതിരായിട്ടുള്ള നിലപാടാണ് സർക്കാരും ഗവർണറും സ്വീകരിക്കുന്നത്.’- എം വിൻസന്റ് എംഎൽഎ പറഞ്ഞു.സെർച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേർന്നത്.
യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേർന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തിൽ സർവകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്. 106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലം മതിയാകും.
ഇടത് അംഗങ്ങളാണ് ഭൂരിപക്ഷമെങ്കിലും, ചാൻസലർ നോമിനികളും യുഡിഎഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ എത്തിയാൽ ക്വാറം തികയും. സർവകലാശാല ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം തീരുമാനം.