KERALA
എഐ ക്യാമറ വഴിയുള്ള പിഴക്കുള്ള നോട്ടീസില്‍ ഇടഞ്ഞ് വീണ്ടും കെല്‍ട്രോണും സര്‍ക്കാരും

തിരുവനന്തപുരം: എഐ ക്യാമറ വഴിയുള്ള ഗതാഗതച്ചട്ട ലംഘനത്തിനുള്ള പിഴക്കുള്ള നോട്ടീസില്‍ ഇടഞ്ഞ് വീണ്ടും കെല്‍ട്രോണും സര്‍ക്കാരും. 25 ലക്ഷം നോട്ടീസ് അയച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ പണം നല്‍കിയാല്‍ മാത്രമേ നോട്ടീസ് അയക്കൂ എന്നാണ് കെല്‍ട്രോണ്‍ നിലപാട്. പണം ആവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നല്‍കി. കരാറില്‍ ഇല്ലാത്ത കാര്യമായതിനാല്‍ പണം നല്‍കാനില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ജൂണ്‍ മാസം മുതലാണ് എഐ ക്യാമറ വഴിയുള്ള നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ ആഴ്ച കഴിയുമ്പോള്‍ കെല്‍ട്രോണ്‍ അയക്കുന്ന നോട്ടീസുകളുടെ എണ്ണം 25 ലക്ഷം കടക്കും. ഇനിയും തുടരണമെങ്കില്‍ ഒരു നോട്ടീസിന് 20 രൂപ വച്ച് സര്‍ക്കാര്‍ നല്‍കണമെന്നാണ് കെല്‍ട്രോണിന്റെ ആവശ്യം. എഐ ക്യാമറകള്‍ സ്ഥാപിച്ചാല്‍ പ്രതിവര്‍ഷം 25 ലക്ഷം നോട്ടീസുകള്‍ അയക്കുമെന്ന പഠന റിപ്പോര്‍ട്ടാണ് കെല്‍ട്രോണ്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് കെല്‍ട്രോണും ഗതാഗതകമ്മീഷണറും തമ്മിലുള്ള ആദ്യ കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കരാറില്‍ എത്ര നോട്ടീസ് എന്നോ ഇതിന്റെ ചെലവ് സംബന്ധിച്ചോ കൃത്യമായി പറയുന്നില്ല. ഈ കരാര്‍ പിന്‍ബലത്തിലാണ് കെല്‍ട്രോണിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുന്നത്.
കരാറിനാധാരമായ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യമായതിനാല്‍ പണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെല്‍ട്രോണ്‍. മൂന്ന് മാസത്തിലൊരിക്കല്‍ ക്യാമറക്ക് ചെലാക്കിയ തുകയുടെ ഗഡുക്കള്‍ നല്‍കണമെന്ന് കരാറില്‍ പറയുന്നുണ്ട്. അഴിമതി ആരോപണത്തില്‍ ക്യാമറ കരാര്‍ ഹൈക്കോടതിയിലെത്തിനാല്‍ മൂന്ന് ഗഡു നല്‍കേണ്ട സ്ഥാനത്ത് ഒരു ഗഡുമാത്രമേ നല്‍കിയിട്ടുളളൂ. നോട്ടീസ് അയക്കുന്നില്ലെങ്കില്‍ എസ്എംഎസില്‍ മാത്രം പിഴ ഈടാക്കല്‍ ഒതുക്കാനാണ് ഗതാഗതവകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം. ഇതേവരെ ക്യാമറ വഴി കണ്ടെത്തിയത് 46, ലക്ഷം നിയമലംഘനങ്ങളാണ്. അതായത് 250 കോടിയുടെ നിയലംഘനങ്ങളാണ് ഇതേവരെ പരിശോധിച്ചതെന്നാണ് മോട്ടോര്‍ വാഹനവകുപ്പന്റെ കണക്ക്. ഇതുവരെ നോട്ടീസ് നല്‍കിയതില്‍ നിന്നും പിരിഞ്ഞു കിട്ടിയത് 52 കോടിയാണ്. നോട്ടീസയച്ചിട്ടും ഇത്ര മാത്രമേ പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുവെങ്കില്‍, നോട്ടീസക്കാതെ എസ്എംഎസ് മാത്രമാകുമ്പോള്‍ പിഴയടക്കുന്നത് വീണ്ടും കുറയുമെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നിഗമനം”