Connect with us

Crime

അരവിന്ദ് കെജ്രിവാള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അന്വേഷണം നടത്തും. വിഷയത്തില്‍ മന്ത്രി അതിഷി മര്‍ലേനയെ ഇ.ഡി. ചോദ്യം ചെയ്യും

Published

on

ന്യൂഡല്‍ഹി: ഇ.ഡി കസ്റ്റഡിയില്‍ തുടരവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അന്വേഷണം നടത്തും. വിഷയത്തില്‍ മന്ത്രി അതിഷി മര്‍ലേനയെ ഇ.ഡി. ചോദ്യം ചെയ്യും ആരാണ് അതിഷിക്ക് കത്ത് നല്‍കിയതെന്നും എപ്പോഴാണ് നല്‍കിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ചയാണ് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയത്. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അധിക ജല ടാങ്കറുകള്‍ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാനുമായിരുന്നു കത്തിലെ നിര്‍ദേശം. പേപ്പറില്‍ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടത്.
എന്നാല്‍ കെജ്രിവാള്‍ കസ്റ്റഡിയിലിരിക്കുന്ന മുറിയല്‍ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. കെജ്രിവാളിനെ ഇ.ഡി. കസ്റ്റഡിയില്‍ വിടുമ്പോള്‍ പങ്കാളി സുനിത കെജ്രിവാളിനും പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനും വൈകുന്നേരം 6 നും 7നും ഇടയില്‍ അരമണിക്കൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ കെജ്രിവാളിന്റെ വക്കീലിനും അരമണിക്കൂര്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ സന്ദര്‍ശന സമയത്താണോ കത്തില്‍ ഒപ്പിട്ടു നല്‍കിയതെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

Continue Reading