Crime
പ്രതിപക്ഷ നേതാവ് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടോയെന്ന് കോടതി.ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കൃത്യമായ തെളിവുണ്ടാവണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.
നിയമസഭയിലാണ് വി.ഡി. സതീശനെതിരേ പി.വി. അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത്. ഹർജിയിൽ ഇതേവര സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.
കെ റെയിൽ നടപ്പായാൽ കേരളത്തിലെ ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്ന വലിയ കുതിച്ചുചാട്ടം തടയുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി കേരളത്തിലെ കോൺഗ്രസിനെ കൂടെ നിർത്താനാണ് സതീശനു പണം നൽകിയതെന്നും, ഇതിന്‍റെ ഭാഗമായിരുന്നു കെ റെയിൽ പദ്ധതിക്കെതിരേ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളെന്നും അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചു.