HEALTH
രാജ്യത്തെ കോവിഡ് സ്ഥിതി മോശത്തിൽനിന്ന് കൂടുതൽ മോശമാകുന്നുവെന്ന് സുപ്രീംകോടതി

.
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി മോശത്തിൽനിന്ന് കൂടുതൽ മോശമാകുന്നുവെന്ന് സുപ്രീംകോടതി. കടുത്ത നടപടികൾ വേണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. രാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ഇറക്കുന്ന മാർഗരേഖ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തുന്നെന്ന് കോടതി നിരീക്ഷിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം പേരും മാസ്കുകൾ ധരിക്കുന്നില്ല. ചിലരാകട്ടെ താടിയിലാണ് മാസ്കുകൾ ധരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിനുകൾ തയ്യാറാക്കുന്നതു വരെ പ്രതിരോധ നടപടികളിൽ വീഴ്ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ എഴുപത് ശതമാനവും കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ചികത്സയിലുള്ള കോവിഡ് രോഗികളിൽ 14.7 ശതമാനം പേരും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്-(18.9%). രോഗവ്യാപനം തടയുന്നതിന് ഡൽഹി സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.