Connect with us

Crime

നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്നു പി.വി അന്‍വറിനോട് കോടതി

Published

on

ന്യൂഡല്‍ഹി: മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മനുഷ്യ-വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്നും പി.വി അന്‍വറിന്റെ അഭിഭാഷകനോട് സുപ്രീം കോടതി ..
കര്‍മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നായിരുന്നു അന്‍വറിന്റെ ഹര്‍ജിയിലെ ആവശ്യം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലായിരിക്കണം കര്‍മ പരിപാടി തയ്യാറാക്കേണ്ടതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോടകംതന്നെ കര്‍മ പരിപാടി രൂപവത്കരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നയത്തിന്റെയും പരിപാടികളുടെയും അഭാവമല്ല, മറിച്ച് അത് നടപ്പിലാക്കുന്നതിലുള്ള പോരായ്മയാണ് പ്രശ്നത്തിന് കാരണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിന് നിലവിലുള്ള നയം ഫലപ്രദമല്ലെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്ന് സുപ്രീംകോടതി ആരാഞ്ഞത്. എന്നാല്‍, ഈ വിഷയത്തെ കോടതി അങ്ങനെ കാണരുതെന്ന് അന്‍വറിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്നും ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അന്‍വറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ത് ബസന്തും, അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും ചൂണ്ടിക്കാട്ടി. എന്നാല്‍, താന്‍ വരുന്ന സംസ്ഥാനത്തും ഇതേ പ്രശ്നനങ്ങളുണ്ടെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സുധാന്‍ഷു ധുലിയ പറഞ്ഞു. എല്ലാ സംസ്ഥാനത്തും പ്രശ്നമുണ്ട്. ഓരോ സംസ്ഥാനത്തെ പ്രശ്നത്തിനും വ്യത്യസ്ത കാരണമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ആന്‍വറിന് കോടതി അനുമതി നല്‍കി.

Continue Reading