Gulf
പാരമ്പര്യത്തിന്റെ പ്രൗഢിയിൽ വില്ല്യാപ്പള്ളി മഹല്ല് ഇഫ്താർ സംഗമം ഇന്നലെകളുടെ ഓർമ്മയായി

ദോഹ: നാടിൻറെ നന്മയെ ചേർത്ത് വെച്ച് ഖത്തറിലെ വില്ല്യാപ്പള്ളി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതായി. നാട്ടുകാരും വിവിധ മഹല്ല് പ്രതിനിധികളും കുടുംബങ്ങളും കുട്ടികളുമായി 200 ൽ പരം ആളുകൾ പങ്കെടുത്ത സൗഹൃദസദസ്സ് നാടിൻറെ പരിച്ഛേദമായി. സംസം വെള്ളവും കാരക്കയിലും തുടങ്ങിയ നോമ്പ്തുറ വേറിട്ട അനുഭവമായി. മഹല്ല് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം, വിഎംജെ ഖത്തർ പ്രസിഡണ്ട് നാസർ നീലിമ ഉദ്‌ഘാടനം ചെയ്തു.

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മഹല്ല് വൈസ് പ്രസിഡണ്ടും സാമൂഹ്യപ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യവുമായ ഹാഷിം പികെ ക്ക് സംഗമത്തിൽ യാത്രയയപ്പ് നൽകി. വിഎംജെ ഖത്തർ ജനറൽ സിക്രട്ടറി പിവിഎ നാസർ ഹാഷിമിനുള്ള മഹല്ല് കമ്മിറ്റിയുടെ ഉപഹാരം കൈമാറി. സിയാദ് വാഫി പ്രാർത്ഥന നടത്തി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള കനിവ് പദ്ധതിയിൽ പെട്ട പെൺകുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്രത്തിന്റെ ഫണ്ട് അബ്ദുൽ ലത്തീഫിൽ നിന്നും നാസർ നീലിമ സ്വീകരിച്ചു. മഹല്ലിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്തി സാമ്പത്തിക സഹായം നൽകുന്നതിനായി റമദാൻ കാർഡ് മുഖേന കമ്മിറ്റി നടത്തുന്ന പ്രവർത്തനത്തെ കുറിച്ച് സജീർ നടുക്കണ്ടി സംസാരിച്ചു. വിഎംജെ ഖത്തർ കമ്മിറ്റി വർഷംതോറും നടത്തിവരുന്ന ഹ്ര്യദയപൂർവ്വം റമദാൻ റിലീഫ് ഫണ്ടിലേക്ക് വില്ല്യാപ്പള്ളി മഹല്ലിന്റെ പങ്കാളിത്തം അബ്ദുൽ ലത്തീഫ് അറിയിച്ചു. പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ മജീദ് ഹുദവി പുതുപ്പറമ്പ് റമദാൻ സന്ദേശ പ്രഭാഷണം നടത്തി. കെഎം നാസർ, ഫൈസൽ അരോമ, തിയ്യാറമ്പത്ത് കുഞ്ഞമ്മത്, സൽമാൻ മുണ്ടിയാട്ട്, ഇഎം കുഞ്ഞമ്മത്, പി പി നാസർ, മുജീബ് മാക്കനാരി, ജാഫർ മേയന, താനി അബ്ദുൽ കരീം, ഷനീഫ് എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. നസീർ പിപികെ സ്വാഗതവും ഫൈസൽ എംടി നന്ദിയും പറഞ്ഞു.
