KERALA
കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് ചെന്നിത്തല

കോഴിക്കോട്: എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള വികാരം ഇതിനോടകം ശക്തമാണ്. സ്വർണക്കള്ളക്കടത്ത് പോലുള്ള പ്രശ്നങ്ങൾ ചർച്ചാവിഷയമാവുന്നതിനിടയിലാണ് കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് നടന്നത്. വിജിലൻസിന്റെ മാസ് ഓപ്പറേഷനായിരുന്നു ഇന്നലെ നടന്നത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് പുറത്തുവിട്ടിട്ടില്ല. ഇത്തരം ഓപ്പറേഷനുകൾ കഴിഞ്ഞാൽ അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണവിവരങ്ങൾ പുറത്തുവിടാത്തതെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കെഎസ്എഫ്ഇ നടത്തിപ്പിൽ ക്രമക്കേടുണ്ടായെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. അഴിമതി കണ്ടെത്തിയ വിജിലൻസിന് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ആർക്കാണ് വട്ട്? മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസ്. വിജിലൻസിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ട് എന്ന് ധനമന്ത്രി ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം. തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയിൽ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാൽ തോമസ് ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതിൽ അഴിമതി നടന്നുവെന്ന് വിജിലൻസ് കണ്ടെത്തിയാൽ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാൻ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോൾ അതിനെതിരെ ആദ്യം പരസ്യമായി മുന്നോട്ടുവന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്. പാർട്ടിക്ക് തെറ്റുപറ്റിയെന്നാണ് പാർട്ടി സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവനും കഴിഞ്ഞദിവസം പറഞ്ഞത്. ഇപ്പോഴിതാ തോമസ് ഐസകും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയും രംഗത്തുവന്നിരിക്കുന്നു. സിഎം രവീന്ദ്രനെ കൂടി ചോദ്യം ചെയ്താൽ ഈ പടയൊരുക്കം കൂടുതൽ വ്യക്തമാവും. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് ഈ പടയൊരുക്കം ആരംഭിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.