Connect with us

Crime

സിദ്ധാര്‍ഥന്റെ മരണംസംബന്ധിച്ച അന്വേഷണത്തിന് സി.ബി.ഐ സംഘം ഇന്ന് വയനാട്ടിലെത്തും

Published

on

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണംസംബന്ധിച്ച അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറങ്ങി. അന്വേഷണസംഘം ശനിയാഴ്ച വയനാട്ടിലെത്തും.
കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍നിന്നുള്ള സി.ബി.ഐ. സംഘം കഴിഞ്ഞദിവസം കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരില്‍ എത്തിയത്. കല്പറ്റ ഡിവൈ.എസ്.പി. ടി.എന്‍. സജീവനെ കണ്ണൂരില്‍ വരുത്തിയ സി.ബി.ഐ. സംഘം പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയത് ഹൈക്കോടതി ഉത്തരവിനുപിന്നാലെ. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനമിറക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
അന്വേഷണം വൈകുന്ന ഒരോ നിമിഷവും കുറ്റവാളികള്‍ക്ക് നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ ഒന്‍പതിനുമുന്‍പ് വിജ്ഞാപനമിറക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ടി. ജയപ്രകാശ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.”

Continue Reading