Connect with us

KERALA

നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകളോട് ഹൈക്കോടതി

Published

on

കൊച്ചി: നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാഹചര്യം വളരെ മോശമാകും. ഒരു ബാങ്കിന് ഇളവ് അനുവദിച്ചാല്‍ അത് ഭാവിയില്‍ എല്ലാ നിക്ഷേപകരെയും ബാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഹര്‍ജി ഏപ്രില്‍ 11ലേക്ക് മാറ്റി. ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ദശാബ്ദങ്ങളായി സിപിഎം ഭരിക്കുന്ന കിഴതടിയൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ വന്‍ തുക വായ്പയെടുത്ത് കുടിശിക വരുത്തിയതോടെയാണ് നഷ്ടത്തിലായത്. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കാനെത്തി.
എന്നാല്‍ നിക്ഷേപം തിരികെ നല്‍കാനാവാത്ത സ്ഥിതി വന്നു. നഷ്ടത്തിലായതോടെ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ പൂട്ടി. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനാവാത്ത സ്ഥിതിയുമാണ്. ജീവനക്കാരെല്ലാം സിപിഎം പ്രവര്‍ത്തകരോ കുടുംബാംഗങ്ങളോ ആയതിനാല്‍ ശമ്പളം ലഭിക്കാത്തിന്റെ പേരില്‍ പരാതി ഉയരുന്നില്ല. അടുത്തിടെ ഏതാനും ഈടുവസ്തുക്കള്‍ ലേലം ചെയ്താണ് തല്‍ക്കാലം പിടിച്ചു നില്‍ക്കുന്നത്.

Continue Reading