Crime
ഇറാന്‍ തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതർ

ന്യൂഡൽഹി: ഇറാന്‍ തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതരെന്ന് വിവരം. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനെന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് വയനാട് സ്വദേശി ധനേഷ് ഇന്‍റര്‍നെറ്റ് കോള്‍ ചെയ്ത് താന്‍ സുരക്ഷിതനെന്ന് അറിയിച്ചത്. എവിടെ നിന്നാണ് വിളിക്കുന്നതന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. പാലക്കാട് സ്വദേശിയായ സുമേഷിന്‍റെ കുടുംബത്തെ വിളിച്ച കപ്പല്‍ കമ്പനി അധികൃതരും ആശങ്ക വേണ്ടെന്നറിയിച്ചു.
ഇറാന്‍റെ പിടിയിലുള്ള കപ്പലില്‍ 4 മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ് ഉള്ളത്. 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്നലെയാണ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. ചരക്ക് കപ്പല്‍ ഇറാന്‍ സേന പിടികൂടിയ വിവരം ഇന്നലെ ഉച്ചയോടെയായിരുന്നു കുടുംബാംഗങ്ങളെ കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചത്. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും കപ്പലിലുണ്ട്.