Crime
മൈസൂരിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു.

ബംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു ശിവാനി.
മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡിൽവെച്ച് ശിവാനിയും ഉല്ലാസും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണംവിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ.
കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ വി.വി.പുരം ട്രാഫിക് പൊലീസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. സവിതയാണ് അമ്മ. സഹോദരങ്ങൾ: അശ്വതി, അർജുൻ.