Connect with us

Crime

പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

Published

on

ന്യൂഡൽഹി : സിപിഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആർ.എസ്.എസ്. പ്രവർത്തകരായ ആറു പ്രതികളിൽ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശിയാണ് അപ്പീൽ ഫയൽ ചെയ്തത്.

1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ്. പ്രവർത്തകരായ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ആറുപേരെ 2007-ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. എന്നാൽ ഹൈക്കോടതി രണ്ടാംപ്രതിയായ ആർ.എസ്.എസ്. പ്രവർത്തകൻ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസിൽ പ്രോസിക്യൂഷന് കൃത്യമായ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും പ്രതികളെ കുറ്റവിമുക്തമാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ കണ്ടെത്തൽ തെറ്റാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൃത്യമായ തെളിവുകളും, വ്യക്തമായ മൊഴികളും ഉണ്ടെന്നാണ് സർക്കാർ വാദം.

കുന്നിയിൽ ഷനൂബ്, തൈക്കണ്ടി മോഹനൻ, പാറ ശശി, ജയപ്രകാശൻ, കണിച്ചേരി അജി, എളന്തോട്ടത്തിൽ മനോജ്, കൊയ്യോൻ മനു എന്നിവരെ വെറുതെ വിട്ടതിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ചിരുകണ്ടോത്ത് പ്രശാന്തിനെതിരായ ചില കുറ്റങ്ങൾ റദ്ദാക്കിയതിനെതിരെയും സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു 1999-ലെ പി.ജയരാജൻ വധശ്രമക്കേസ്. തിരുവോണനാളിൽ നടന്ന ആക്രമണത്തിൽ പി.ജയരാജന്റെ കൈ വെട്ടിമാറ്റിയിരുന്നു. നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ജയരാജൻ സാധാരണജീവിതത്തിലേക്ക് തിരികെയെത്തിയത്.

Continue Reading