Connect with us

KERALA

സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് സെഞ്ച്വറിയടച്ച ക്രിക്കറ്റ് കളിക്കാരന്‍ പോവുന്ന രീതിയിലാണ് ജയരാജന്‍ പോയതെന്നു സുധാകരന്‍

Published

on

കണ്ണൂര്‍: ജാവഡേക്കര്‍ വിവാദത്തില്‍ ഇ.പി ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇ.പിക്കെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ജയരാജന്‍ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കാത്ത് സൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ട് ജയരാജനെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തുമെന്നും സുധാകരന്‍ പറഞ്ഞു.
ജയരാജനെ നോവിക്കാന്‍ സി.പി.എം നേതൃത്വം ഒരിക്കലും തയ്യാറാവില്ല. ഇത് തുടക്കം മുതലേ താന്‍ പറയുന്ന കാര്യമാണ്. സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് സെഞ്ച്വറിയടച്ച ക്രിക്കറ്റ് കളിക്കാരന്‍ പോവുന്ന രീതിയിലാണ് ജയരാജന്‍ പോയതെന്നും സുധാകരന്‍ പ്രതികരിച്ചു.

തിരുവനന്തപുരത്തെ ഇ.പിയുടെ മകന്റെ ഫ്‌ലാറ്റില്‍ വെച്ച് ജയരാജനുമായി ജാവഡേക്കറും താനും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. തിരഞ്ഞടുപ്പിന് തലേദിവസം വന്ന ഈ വെളിപ്പെടുത്തലിലൂടെ സി.പി.എം വലിയ രീതിയില്‍ പ്രതിരോധത്തിലായിരുന്നു. ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ജയരാജനും സ്ഥിരീകരിച്ചു. ഇതോടെയാണ് ജാഗത്രക്കുറവ് ചൂണ്ടിക്കാട്ടി ജയരാജനെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന വിലയിരുത്തലുണ്ടായത്.എന്നാല്‍ തിങ്കളാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജയരാജന്റേത് നിഷ്‌കളങ്ക നിലപാടെന്ന് പറഞ്ഞ് തിടുക്കത്തില്‍ നടപടിയെടുക്കുന്നതില്‍ നിന്ന് സി.പി.എം പിന്നോട്ടുപോവുകയായിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ.

Continue Reading