Connect with us

Crime

വള്ള്യായിയിലെവിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

Published

on

തലശ്ശേരി : പാനൂർ വള്ള്യായിയിലെവിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ‘ കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും വിധിച്ചു. ഇതിനോടൊപ്പം പിഴയും അടയ്‌ക്കണം.

302, ഐപിസി 449 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഐ.പി.സി449 പ്രകാരം, വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്ത് വർഷം തടവും 25,000രൂപ പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധികതടവ് അനുഭവിക്കണം. കൊലപാതകത്തിന് ജീവപര്യന്തം വിധിച്ചിരിക്കുകയാണ്. മാത്രമല്ല, രണ്ട് ലക്ഷം രൂപ വിഷ്‌ണുപ്രിയയുടെ കുടുംബത്തിന് നൽകുകയും വേണം. ഇത് നൽകിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. രണ്ട് വകുപ്പുകളിലുമുള്ള ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതി.

ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് ശ്യാംജിത്തിന് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്ന് പ്രോസിക്യൂഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു

വിഷ്‌ണുപ്രിയയുടെ മുൻ സുഹൃത്തായിരുന്നു ശ്യാംജിത്ത്. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. 2022 ഒക്ടോബർ 22നാണ് യുവതി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു.പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്‌സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടൻ ഫോൺ കട്ടാവുകയുമായിരുന്നു. ഈ സുഹൃത്തിനെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു.

ബാഗിൽ മാരക ആയുധങ്ങളുമായെത്തിയ ശ്യാംജിത്ത് കിടപ്പുമുറിയിൽ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേൽപ്പിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കൃത്യം നടത്തുന്നതിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതും കേസിൽ നിർണായക തെളിവായി.

Continue Reading