Crime
പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ പ്രദേശവാസിയായ യുവാവാണ് പിടിയിലായതെന്നാണ് വിവരം. ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തിയതിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കസ്റ്റഡിയിലെടുന്നത്.
കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഒഴിഞ്ഞ വളപ്പിലെ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിന് അരക്കിലോമീറ്റർ അകലെവച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.കണ്ണിനും കഴുത്തിനും പരിക്കേറ്റ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.
പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞു. മുത്തച്ഛൻ വീടിന്റെ പിൻവാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ, ഇതുവഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.