Connect with us

Crime

പയ്യന്നൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വർണാഭരണം കവർന്നു

Published

on

പയ്യന്നൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വർണാഭരണം കവർന്നു

കണ്ണൂർ: പയ്യന്നൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വർണാഭരണം കവർന്നു. പയ്യന്നൂർ  പെരുമ്പയിലെ സിഎച്ച്‌ സുഹറയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു.

രാവിലെ ഉണർന്നപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. രണ്ട് മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

വയനാട് മേപ്പാടിയിലും സമാനമായ മോഷണം നേരത്തെ  ഉണ്ടായിട്ടുണ്ട്. അടച്ചിട്ട വീട് കുത്തിത്തുറന്നാണ് 75 പവൻ സ്വർണാഭരണം മോഷ്ടിച്ചത്. മാനിവയൽ വേണാട് ജേക്കബിന്റെ വീട്ടിലാണ് മോഷണം നടന്നത്. കൽപ്പറ്റ മേപ്പാടി റോഡിൽ മാനിവയലിൽ റോഡരികിൽ തന്നെയുള്ള ഇരുനില വീടാണ് കുത്തിത്തുറന്നത്.
ജേക്കബും കുടുംബവും കോഴിക്കോട് ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കോഴിക്കോട് പോയ ഇവർ പിറ്റേന്ന് രാത്രിയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തി മുൻവാതിൽ തുറക്കാൻ കഴിയാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

Continue Reading