Connect with us

International

ബു റേവി ശക്തി കുറഞ്ഞു .ഉച്ചക്ക് 12 മണിക്ക് തെക്കൻ കേരളത്തിലെത്തും. റെഡ് അലർട്ട് പിൻവലിച്ചു

Published

on

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്നു പുലർച്ചെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്ത്യൻ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് 12 മണിയോടെ തെക്കൻ കേരളത്തിലേക്കു കടക്കുമെങ്കിലും, വേഗം കുറയുമെന്നതിനാൽ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.
കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോമീറ്റർ വേഗമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകൾ പിൻവലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ജോലികൾ എന്നിവയ്ക്ക് അവധി ബാധകമല്ല.രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

ബുറേവി തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തി വഴി വർക്കലയ്ക്കു സമീപം കടലിലേക്കു മാറുമെന്നാണ് പുതിയ പ്രവചനം. നേരത്തേ നെയ്യാറ്റിൻകര വഴി വെങ്ങാനൂരിലൂടെ അറബിക്കടലിലെത്തി പ്രയാണം തുടരുമെന്നായിരുന്നു അറിയിപ്പ്. ചുഴലിയുടെ തീവ്രത കുറയുമെങ്കിലും കനത്ത മഴയ്ക്കും, തീരമേഖലകളിൽ കാറ്റിനും, വൻതിരമാലകൾക്കും സാദ്ധ്യതയുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട്, ബുധനാഴ്ച ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലെ ട്രിങ്കോമാലി തീരത്തു പ്രവേശിച്ച ചുഴലിക്കാറ്റ് ഇന്നലെ പകൽ ഇന്ത്യയ്ക്കും ലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിടുക്ക് കടന്നിരുന്നു.ബുറേവി ശ്രീലങ്കയിൽ കനത്ത നാശമുണ്ടാക്കിയില്ല. തിരിയായ, കുച്ചാവേളി, ട്രിങ്കോമാലി പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവിടെ മുക്കാൽ ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. തമിഴ്‌നാട്ടിൽ കന്യാകുമാരി,തിരുനെൽവേലി, തെങ്കാശി, രാമനാഥപുരം, വിരുദുനഗർ, തൂത്തുകുടി ജില്ലകളിലും പോണ്ടിച്ചേരിയിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading