HEALTH
കൊവിഡ് 19നെതിരായ വാക്സിൻ ലോകത്തിലാദ്യമായി പൊതുജനങ്ങൾക്കു നൽകിത്തുടങ്ങി

ലണ്ടൻ: കൊവിഡ് 19നെതിരായ വാക്സിൻ ലോകത്തിലാദ്യമായി പൊതുജനങ്ങൾക്കു നൽകിത്തുടങ്ങിയപ്പോൾ കുത്തിവയ്പ്പ് സ്വീകരിച്ച ആദ്യ വ്യക്തികളിലൊരാളായി ഇന്ത്യൻ വംശജൻ ഹരി ശുക്ല. യുഎസ് കമ്പനി ഫൈസറും ജർമൻ ജൈവസാങ്കേതിക വിദ്യാ ഭീമൻ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിൻ ബ്രിട്ടനിൽ പൊതു ഉപയോഗത്തിന് നൽകിയപ്പോഴാണ് ന്യൂകാസിലിലെ ആശുപത്രിയിൽ ഹരിശുക്ലയ്ക്ക് കുത്തിവയ്പ്പ് നൽകിയത്.രണ്ടു ഡോസാണ് വാക്സിനുള്ളത്. ആദ്യത്തെ ഡോസ് എടുത്തു. ഇതു മുന്നോട്ടുള്ള ചുവടുവയ്പ്പാണെന്നും ചൊവ്വാഴ്ചയെ വി ഡേ അഥവാ വാക്സിൻ ദിനമായി കാണാമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു.
മഹാമാരിയുടെ അന്ത്യത്തോട് മാനവരാശി അടുക്കുകയാണെന്ന് വാക്സിൻ സ്വീകരിച്ച ശുക്ല പറഞ്ഞു.ആരോഗ്യ പ്രവർത്തകർ, കെയർ ഹോമുകളിലെ ജീവനക്കാർ, എൺപതു പിന്നിട്ടവർ തുടങ്ങി രോഗസാധ്യത ഏറെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവരെയാണ് വാക്സിനേഷന്‍റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം യുകെ നാഷണൽ ഹെൽത്ത് സർവീസ് വിഭാഗമാണ് എൺപതു പിന്നിട്ട ശുക്ലയെ കുത്തിവയ്പ്പിനായി തെരഞ്ഞെടുത്തത്.