Gulf
കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ കൊച്ചിയിലെത്തും23 മലയാളികളുടെയും മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളില്‍ എത്തിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തുമെന്നാണ് വിവരം. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്.
കുവൈറ്റിൽ നിന്ന് പുറപ്പെട്ട വിമാനം നേരെ കൊച്ചിയിലാണ് ആദ്യം ഇറങ്ങുക. തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് പുറപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും. മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്‌നിബാധയുണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേര്‍ മലയാളികളാണ്.