Connect with us

KERALA

ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് വേണ്ടത്ര സാധിച്ചില്ല.

Published

on

തിരുവനന്തപുരം: ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ സിപിഎമ്മും ഇടതുപക്ഷവും പരാജയപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിനുള്ള പരിമിതി തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിലുള്ള ആര്‍എസ്എസ് ഇടപെടല്‍ ഒരുവിഭാഗം വോട്ടുകൾ നഷ്ടമാക്കിയെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.സിപിഎം സംസ്ഥാന സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

‘തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ കാരണങ്ങളെല്ലാം ഞങ്ങള്‍ ആദ്യമേ മനസ്സിലാക്കിയിട്ടും ജയിക്കാന്‍ സാധിക്കും എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതിന്റെ അര്‍ത്ഥം ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് വേണ്ടത്ര സാധിച്ചില്ല. സൂക്ഷമമായ പരിശോധനയില്‍ അതാണ് കണ്ടെത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തനം കാര്യക്ഷമതയോടെ നടത്താന്‍ കഴിയണം’, ഗോവിന്ദൻ പറഞ്ഞു.

‘ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഉള്‍പ്പടെയുള്ളവരുമായി ലീഗ്-കോണ്‍ഗ്രസ് ഐക്യം വര്‍ഗീയ ധ്രുവീകരണ ഉണ്ടാകുന്ന തരത്തില്‍ കൂട്ടുക്കെട്ടുണ്ടാക്കി ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തെ സംബന്ധിച്ച് ദൂരവ്യാപകമായ അപകടമുണ്ടാക്കുന്ന ഒന്നാണ്. മതനിരപേക്ഷ ശക്തികള്‍ക്ക് ഇതിനെ എതിര്‍ക്കാനാകണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. നല്ല പരാജയമുണ്ടായി. ഒരു സീറ്റ് ബിജെപിക്ക് നേടാനായി എന്നതാണ് അപകടരമായ കാര്യം. ദേശീയരാഷ്ട്രീയം എല്ലാ കാലത്തും ചര്‍ച്ചചെയ്യുന്നവരാണ് കേരളീയ ജനത. സ്വാഭാവികമായും ദേശീയതലത്തില്‍ ഒരു സര്‍ക്കാരിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നുള്ളതുകൊണ്ട് ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമതിയാണ്. കഴിഞ്ഞ പ്രാവശ്യവും അതുതന്നെയാണ് കണ്ടെത്തിയത്. ഇപ്രാവശ്യവും അങ്ങനെയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍ പറഞ്ഞു.

വ്യത്യസ്ത ജാതി വിഭാഗങ്ങളും സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളും വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെടുന്ന സ്ഥിതിയുണ്ടായി. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോടുകൂടി ബിജെപി അജണ്ടയുടെ ഭാഗമായി എസ്എന്‍ഡിപിയിലേക്ക് കടന്നുകയറി. എസ്എന്‍ഡിപിയില്‍ വര്‍ഗീയ വത്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ആര്‍എസ്എസ് ഇടപെടല്‍മൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകൾ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും  ഗോവിന്ദൻപറഞ്ഞു.

Continue Reading