KERALA
പരശുറാം എക്‌സ്‌പ്രസ് ഇന്നുമുതൽ കന്യാകുമാരി വരെ രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു

ചെന്നൈ: യാത്രക്കാർക്ക് വലിയ ആശ്വാസമായി പുതിയ നടപടിയുമായി റെയിൽവേ. മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് ഇന്നുമുതൽ കന്യാകുമാരിയിലേയ്ക്ക് നീട്ടും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് റെയിൽവേ അറിയിച്ചു.താത്‌കാലിക അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. നിലവിൽ നാഗർകോവിൽ വരെയായിരുന്ന ട്രെയിൻ കന്യാകുമാരിയിലേയ്ക്ക് കൂടി നീട്ടിയിരിക്കുകയാണ്. രണ്ട് അധിക കോച്ചുകൾ കൂടി പരശുറാമിന് അനുവദിച്ചിട്ടുണ്ട്. ഇതോടെ നേരത്തെ 23 കോച്ചുകൾ ഉണ്ടായിരുന്ന പരശുറാമിന് ഇനിമുതൽ 25 കോച്ചുകൾ ഉണ്ടായിരിക്കും. അതേസമയം, ട്രെയിൻ യാത്രക്കാർക്ക് മറ്റൊരു ആശ്വാസവാർത്തകൂടി എത്തുകയാണ്. സംസ്ഥാനത്ത് റെയിൽപ്പാതയിൽ ആദ്യത്തെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിംഗ് സംവിധാനം (എബിഎസ്) എത്തുന്നു. ഒന്നര കിലോമീറ്ററോളം വ്യത്യാസത്തിൽ സിഗ്‌നൽ പോസ്റ്റുകൾ എത്തുന്നതോടെ അതുവഴി ട്രെയിനുകൾക്ക് ഒന്നിന് പിറകെ ഒന്നായി ഓടാൻ സാധിക്കും.എറണാകുളം സൗത്ത് – വള്ളത്തോൾ നഗർ സ്റ്റേഷനുകൾക്കിടയിൽ എബിഎസ് പൂർത്തിയായാൽ ഇനി ട്രെയിനുകൾ നിറുത്തിയിടേണ്ടി വരില്ല. കെ റെയിലും റെയിൽ വികാസ് നിഗവും ചേർന്നുള്ള സംയുക്തസംരംഭമാണ് കഴിഞ്ഞദിവസം ഇതിനുളള കരാർ സ്വന്തമാക്കിയത്. മഴക്കാലം കഴിയുന്നതോടെ നിർമ്മാണപ്രവർത്തനം തുടങ്ങും. സംവിധാനം നിലവിൽ വരുന്നതോടെ പാതയിലൂടെ കടന്നുപോകുന്ന സർവീസുകളുടെ ഇടവേള കുറയും. കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും. പാതയുടെ ശേഷി മൂന്നിരട്ടിയോളം കൂടും. നിലവിലുള്ളത് ആബ്‌സൊല്യൂട്ട് ബ്‌ളോക്ക് സിഗ്‌നലാണ്. ആദ്യം പോകുന്ന ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയാലാണ് പിന്നാലെ വരുന്ന ട്രെയിനിനെ കടത്തിവിടുക. അതുവരെ പിടിച്ചിടും. കേരളത്തിൽ ഏറെ ഗതാഗതത്തിരക്കുള്ളതാണ് എറണാകുളം ഷൊർണ്ണൂർ മേഖല.